Monday, April 29, 2024
keralaNewspolitics

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ കൂടുതല്‍ അംഗീകരിക്കപ്പെടുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നന്നാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗം വി.വി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തി സംസാരിക്തുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മുമ്പുണ്ടായതിനേക്കാള്‍ അംഗീകാരമുണ്ട്. ബിജെപിയുമായി അയിത്തമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രാധാന്യം നല്‍കുന്നതാണെന്ന് പുതിയ പാര്‍ട്ടി. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ പ്രഖ്യാപിച്ച പ്രസ്ഥാനത്തിന് നിലവിലുള്ള ഒരു പാര്‍ട്ടിയുമായി പ്രത്യേക മമതയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ വി.വി അഗസ്റ്റിന്‍ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദി മികച്ച നേതാവാണെന്നും, ഭരണം മികച്ചതാണന്നുമുള്ള അഭിപ്രായമാണ് പാര്‍ട്ടി ചെയര്‍മാന്റേത്. പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനത്തില്‍ കൂടിക്കാഴ്ചയില്ലെന്നും, കാണണം എന്നുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ചെന്ന് കാണുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.പാര്‍ട്ടിയിലേക്ക് പ്രമുഖര്‍ അടക്കം മറ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധി പേര് എത്തുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം പേരെ അണിനിരത്തി പാര്‍ട്ടി കണ്‍വെന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കര്‍ഷകരുടെയും, തീരദേശവാസികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ശക്തമാക്കിയ ശേഷമേ മുന്നണി പ്രവേശനമുള്ളൂ എന്ന നിലപാടാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടേത്.