Tuesday, April 30, 2024
keralaNewsObituary

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

തിരുവനന്തപുരം :ചടയമംഗലം മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.കൃഷ്ണന്‍നായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ല്‍ പ്രയാറില്‍ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്എന്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതല്‍ ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിലെ അംഗമായും പ്രവര്‍ത്തിച്ചു.

നങ്ങ്യാര്‍കുളങ്ങര കോളജില്‍ യൂണിയന്‍ ചെയര്‍മാനായി. ഈ സമയത്ത് അമ്പലപ്പുഴ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി നങ്ങ്യാര്‍കുളങ്ങരയില്‍ സംഘടിപ്പിച്ചതാണു കെഎസ്യു ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴിതുറന്നത്. പശു വളര്‍ത്തലും പാല്‍വില്‍പനയുമായിരുന്നു അച്ഛന്‍ ആര്‍.കൃഷ്ണന്‍ നായരുടെ പ്രധാന തൊഴില്‍.പഠനകാലത്ത് രാവിലെ ചായക്കടയില്‍ പാല്‍ കൊടുക്കാന്‍ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. വളര്‍ന്നപ്പോള്‍ ക്ഷീരമേഖലയായി കര്‍മമണ്ഡലം. കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കി. ഈ സംഘടനയുടെ ബാക്കിപത്രമാണു കേരളത്തിലെ മില്‍മ.