Saturday, April 20, 2024
indiaNewspolitics

19 വര്‍ഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്

ദില്ലി: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷ കിട്ടിയതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായ രാഹുല്‍ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വര്‍ഷം താമസിച്ച വീട്ടിലെ ജീവനക്കാരോട് യാത്ര പറഞ്ഞ രാഹുല്‍ വീട് പൂട്ടി താക്കോല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് വൈകിട്ട് നാലരയോടെയാണ് രാഹുല്‍ ഗാന്ധി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി പൂട്ടി താക്കോല്‍ കൈമാറി, പടിയിറങ്ങിയത്. 2004ല്‍ ആദ്യമായി എംപിയായ ശേഷം രാഹുലിന്റെ ജീവിതത്തിലെ ഉയര്‍ച താഴ്ചകള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച വസതിയതാണിത്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള്‍ പാര്‍ട്ടി നീക്കങ്ങളുടെ കേന്ദ്രമായും ഈ വീട് മാറി. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും വസതിയൊഴിയുന്ന വൈകാരിക മുഹൂര്‍ത്തത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ കാറില്‍ കയറിയത്. പ്രത്യേക അപേക്ഷ നല്‍കി ഒരു ദിവസം പോലും വസതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമായി തുടരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

സര്‍ക്കാരിനെ കുറിച്ച് തന്റെ സഹോദരന്‍ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ആരെയും ഭയക്കിന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ മാസം 23 ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണെന്നമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയായിരുന്നു. സോണിയ ഗാന്ധിയുടെ വീടായ പത്ത് ജന്‍പഥിലേക്കാണ് രാഹുല്‍ ഗാന്ധി താമസം മാറിയത്. രാഹുലിന്റെ ഓഫീസും തല്ക്കാലം ഇവിടെ പ്രവര്‍ത്തിക്കും.