Friday, May 3, 2024
EntertainmentindiaNewsUncategorized

ആദിപുരുഷ് റിലീസ് ഉടന്‍

ഓം റാവത്ത് സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം ആദിപുരുഷിന്റെ ലിറിക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അക്ഷയ ത്രിതിയയോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. രാമന്റെ വേഷത്തില്‍ അമ്പും വില്ലുമേന്തി നില്‍ക്കുന്ന പ്രഭാസിനെ പോസ്റ്ററില്‍ കാണാം. അജയ്, അതുല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയ്ശ്രീറാം എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട് . രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികള്‍. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ് മലയാളത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതും. ഹനുമാന്‍ ജയന്തി ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവദത്ത നാഗെ ആണ് ആദിപുരുഷില്‍ ഹനുമാനായി എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഎഫ്എക്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 16ന് ആദിപുരുഷ് തിയറ്ററില്‍ എത്തും. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.