Monday, May 13, 2024
keralaNews

എന്നെ മൃഗത്തെപ്പോലെ വേട്ടയാടുകയായിരുന്നു. കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. വിട്ടുപോകണമെന്ന് കരുതിയതുമല്ല ; സാബു എം ജേക്കബ്.

കേരളത്തില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കുകയാണെന്നും താനൊരിക്കലും കേരളം വിട്ട് പോകും എന്ന് കരുതിയതല്ലെന്നും, കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സാബു എം ജേക്കബ് പറഞ്ഞു. വ്യവസായ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാബു എം ജേക്കബ് നടത്തിയത്. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള വ്യവസായം കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും കിറ്റക്‌സ് എംഡി മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് പോകവേയാണ് പ്രതികരണം.

കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. നിക്ഷേപം നടത്താന്‍ വന്‍ ആനൂകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്‌സ് എംഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു.

സാബു എം ജേക്കബിന്റെ വാക്കുകളിങ്ങനെ:

”എന്നെ മൃഗത്തെപ്പോലെ വേട്ടയാടുകയായിരുന്നു. കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. വിട്ടുപോകണമെന്ന് കരുതിയതുമല്ല. എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. പക്ഷേ കേരളത്തില്‍ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓര്‍ത്ത് എനിക്ക് വേദനയുണ്ട്. ഇങ്ങനെ പോയാല്‍ പുതിയ തലമുറയെ ഓര്‍ത്ത് നമ്മള്‍ ദുഃഖിക്കേണ്ടി വരും. ഇത് തന്റെ പ്രതിഷേധമല്ല, ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവര്‍ സ്വകാര്യ ജെറ്റയച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാന്‍ തീരുമാനിച്ചത്”, സാബു എം ജേക്കബ് പറഞ്ഞു.

വ്യവസായമന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനമാണ് സാബു എം ജേക്കബ് നടത്തിയത്. ”3500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ പോലും തന്നെ വിളിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യോഗം വിളിച്ചുവെന്ന് പറഞ്ഞു. എന്നിട്ടെന്തുണ്ടായി? യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥര്‍ ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാന്‍? എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുന്നു. ഇനിയില്ല”, എന്ന് സാബു എം ജേക്കബ്.