Monday, May 6, 2024
keralaNews

സംസ്ഥാനത്ത് ശക്തമായ മഴ; കൂടുതല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്.അതിശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭിച്ചത്.എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്താന്‍ തീരുമാനിച്ചു.തീരപ്രദേശത്തെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെ അറിയിച്ചു.അണക്കെട്ടിന്റെ ഷട്ടറുകള്‍ നിലവില്‍ 125 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് 50 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നത്.
പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടും തുറന്നു.ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെയാണ് ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തമിഴ്നാട്ടില്‍ തുറന്നത്.

വടക്കന്‍ ജില്ലകളില്‍ മഴശക്തമായി തുടരുകയാണ്.കര്‍ണാടകയില്‍ തീരദേശ ജില്ലകളിലും മഴ കനക്കുകയാണ്. 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി.ഉഡുപ്പിയില്‍ കനത്തമഴയില്‍ ചിലയിടങ്ങളില്‍ വെള്ളം കയറി റോഡുകളും കെട്ടിടങ്ങളും മുങ്ങി.ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. മലങ്കര ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത.റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഈ സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.