Tuesday, May 7, 2024
keralaNews

കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു.

കായംകുളത്ത് കേബിളില്‍ കുടുങ്ങി സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ കായംകുളം എരുവ ഇടശ്ശേരി ജംഗ്ഷന് സമീപമാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ( 56) ആണ് മരിച്ചത്.

ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷന്‍ കിഴക്ക് വശം വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.