Sunday, April 28, 2024
indiaNewspolitics

കര്‍ണാടകയില്‍ മുഖ്യമന്ത്രിയും മൂന്ന് ഉപമുഖ്യമന്ത്രിമാരും

ബംഗളൂരു: കോണ്‍ഗ്രസ് 137 സീറ്റുകളുമായി വിജയത്തിളക്കത്തില്‍ കര്‍ണാടകത്തില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും. വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള ഒരാളെയും കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന സൂചനയും ഉയരുന്നുണ്ട്. നിലവില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കുള്ള സാധ്യത നിലനില്‍ക്കേ, എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് നിലവിലെ വിവരം.                             കര്‍ണാടകത്തില്‍ ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളോടും ഉടന്‍ ബെംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടകത്തില്‍ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ 137 സീറ്റിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി. വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളില്‍ മിക്കയിടത്തും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.                                                                                             കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
കര്‍ണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നാല്‍പത് ശതമാനം കമ്മീഷന്‍ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും പാര്‍ട്ടി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തില്‍ നേടിയത്. സര്‍വ മേഖലകളിലും വോട്ടു ശതമാനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ആധികാരിക ജയമാണ് നേടിയത്.                                                                                                                    കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ വെറുപ്പിന്റെ കട പൂട്ടി സ്‌നേഹത്തിന്റെ കട തുറന്നുവെന്നും ഇത് എല്ലാ സംസ്ഥാനത്തും ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണ്. ചങ്ങാത്ത മുതലാളിത്തത്തിന് മേലുള്ള വിജയമാണിത്. കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചു.പോരാട്ടം നടത്തിയത് സ്‌നേഹത്തിന്റെ ഭാഷയിലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്ന് രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുല്‍ പ്രതികരിച്ചത്.