Friday, May 3, 2024
keralaNewsUncategorized

ശബരിമല കാനനപാതയിൽ കരിമല അരയന്റെ കല്ലറ തകർത്തു

കോട്ടയം: ശബരിമല കാനനപാതയിലെ കരിമലയിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള  കരിമല അര യന്റെ കല്ലറ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി.ശബരിമല അമ്പലത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറയാണ്  തകർക്കപ്പെട്ടത് .  സംഭവത്തിൽ പ്രതിഷേധവുമായി മല അരയ മഹാസഭയുടെ ആത്മീയപ്രസ്ഥാനമായ ശ്രീഅയ്യപ്പ ധർമ്മസംഘം അടക്കമുള്ള സംഘടനകൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ടു.
മറ്റു കല്ലറകളിൽ നിന്നും വ്യത്യസ്തമായി 15 നീളവും 8 അടി വീതിയുമുള്ള ഭീമൻ കല്ലുകൾ കീറിയെടുത്താണ് കരിമല അരയന്റെ കല്ലറ നിർമിച്ചിട്ടുള്ളത്.
ശ്രീഅയ്യപ്പധർമ്മ സംഘത്തിന്റെ നേതൃത്വത്തിൽ  തീർത്ഥാടനത്തിനായി തിങ്കളാഴ്ച 26 ന്  വൈകുന്നേരം പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.           കരിമലയിൽ കരിമല അരയന്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണർ, നാളി കേരമുടയ്ക്കാനുള്ള പുണ്യശില, കരിമല അരയൻ കല്ലറ, പുരത്തറകൾ എന്നിവയടക്കം നിരവധി നിർമ്മിതികൾ ചരിത്രാവശേഷിപ്പുകളായുണ്ട്. ശബരിമലയിലേക്കുള്ള പരമ്പരാഗത തീർഥാടന കാനനപാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്ക്ക് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. ഇതു തകർക്കപ്പെട്ടതിനു പിന്നിൽ തത്പരകക്ഷികളുടെ ഗൂഢ ലക്ഷ്യമുണ്ടെന്നും മല അരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും മല അരയ മഹാസഭാ നേതാക്കൾ ചൂണ്ടിക്കാട്ടി. വിശ്വപ്രസിദ്ധമായ ശബരിമല അമ്പലവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിർമിതികൾ തകർക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും വനാന്തരങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാനായി കേന്ദ്ര സാംസ്കാരിക വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണം. ശ്രീഅയ്യപ്പൻ നടന്നുപോയ ചരിത്രപാതകൂടി ഇല്ലാതാക്കനുള്ള നി ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ് കല്ലറ തകർക്കലിന്റെ പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു .
ശബരിമല ഉൾപ്പെടുന്ന18 മലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല.
മലഅരയ മഹാസഭയുടെ ഉ ടമസ്ഥതയിലുള്ള ശ്രീശബരീശ കോളേജിന്റെ പ്രിൻസിപ്പൽ പ്രൊഫ. വി.ജി. ഹരീഷ് മാറിന്റെ നേതൃത്വത്തിലുള്ള ആർക്കിയോളജി വിഭാഗമാണ് ചരിത്രപ്രാധാന്യമുള്ള ഈ കല്ലറയെപ്പറ്റിയുള്ള വിവരങ്ങൾ 2019ൽ പുറംലോകത്തെ അറിയിച്ചത് . പ്രതസമ്മേളനത്തിൽ മല അരയ സഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ്, ട്രഷറർ എം.ബി. രാജൻ, ശ്രീ അയ്യപ്പ ധർമ്മസംഘം ജനറൽ സെക്രട്ടറി സി.എൻ. മധുസൂദനൻ എന്നിവർ പങ്കെടുത്തു.