Sunday, May 5, 2024
keralaNewsUncategorized

പത്തനംതിട്ടയില്‍ മോക്ക് ഡ്രില്ലിനിടെയാണ് അപകടം

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി മോക് ഡ്രില്‍ നടക്കുന്നതിന്റെ ഭാഗമായി ഇന്ന് വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം.         യുവാവ് ഒഴുക്കില്‍പ്പെട്ടു. മോക്ഡ്രില്ലില്‍ പങ്കെടുത്ത നാട്ടുകാരില്‍ ഒരാളായ ബിനുവാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ ഫോഴ്‌സിന്റെ സ്‌ക്രൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.               ഇന്ന് സംസ്ഥാനത്തെമ്പാടും മോക് ഡ്രില്‍ നടക്കുന്നുണ്ട്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക്ക് ഡ്രില്ലില്‍ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകര്‍ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിനു അടക്കമുള്ള നാല് പേര്‍ മോക്ക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാല്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂബ ഡൈവിങ് ടീം ഇടപെട്ടെങ്കിലും ബിനുവിന്റെ നില അതീവ ഗുരുതരമാണ്.  പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. പ്രളയ – ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്. സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കല്‍പ്പിക അപകട സാഹചര്യം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ്  ബിനു ഒഴുക്കില്‍പെട്ടത്.