Monday, May 13, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നോട്ടീസ്

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നോട്ടീസ്. ചോദ്യംചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകണം.                                കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ് അയച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം അറിയിച്ചത്.

ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള തുടരന്വേഷണത്തില്‍ നിര്‍ണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കിയ സംഭവത്തില്‍ ഹാക്കര്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സായ് ശങ്കര്‍ നിലവില്‍ പ്രതിയല്ലെന്നും മൊഴി നല്‍കാന്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ സംഘത്തിന് മുന്നില്‍ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കര്‍ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദീലീപിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.