Friday, May 3, 2024
educationkeralaNewspolitics

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ്

എത്ര പ്രതിഷേധം ഉണ്ടായാലും വിവാദമായ കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനയും പ്രതിഷേധത്തിലേക്ക് നീങ്ങുമ്പോഴും വൈസ് ചാന്‍സിലര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം. എക്‌സ്‌പേര്‍ട്ട് കമ്മറ്റി തന്ന ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താന്‍ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍

അതേസമയം, സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ഇന്ന് പതിനൊന്നുമണിക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തും. വിഷയം ചര്‍ച്ചചെയ്ത് നിലപാട് തീരുമാനിക്കാന്‍ യൂണിവേഴ്‌സിറ്റിയൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ യോഗവും ഇന്ന് ചേരും. പ്രതിപക്ഷ സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും തുടര്‍ സമരങ്ങള്‍ നടത്തുമെന്ന് അറിയിച്ചു