Thursday, May 2, 2024
keralaNewspolitics

കുടിവെള്ളം നിലച്ചിട്ട് മാസങ്ങള്‍; വലഞ്ഞ് അട്ടപ്പാടി

അട്ടപ്പാടിയില്‍ ശുദ്ധജലം കിട്ടാതെ ആദിവാസികള്‍ ഉള്‍പ്പെടെ അഞ്ച് ഊരുകളിലെ മുന്നൂറിലധികം കുടുംബങ്ങള്‍. ടാര്‍പോളിന്‍ ഉപയോഗിച്ച് മഴവെള്ളം ശേഖരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചുള്ള നിര്‍മാണമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് പരാതി.

അട്ടപ്പാടി ചിറ്റൂര്‍, കൊറവന്‍പടി, കട്ടേക്കാട്, മേട്ടുവഴി, പുട്ടുമല്ല തുടങ്ങിയ പ്രദേശങ്ങളിലാണ് മാസങ്ങളായി കുടിവെള്ളം നിലച്ചിരിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പ് ജലനിധി സ്ഥാപിച്ച കുടിവെള്ള പദ്ധതി അടുത്തിടെ 22 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്ത് നവീകരിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതിനാല്‍ ജലവിതരണം മുടങ്ങുന്നത് പതിവായി. വീണ്ടും പഴയ പൈപ്പിലേക്ക് മാറ്റിയെങ്കിലും അതും പൊട്ടിത്തുടങ്ങിയതോടെ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയായി.

ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതില്‍ അപാകതയുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. കലക്ടര്‍ക്കും പഞ്ചായത്തിനും നിരവധി നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് പരാതി. മഴ തുടരുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് ഈ രീതിയിലെങ്കിലും വെള്ളം ശേഖരിക്കാന്‍ കഴിയുന്നുണ്ട്. വേനല്‍ കനത്താല്‍ പ്രതിസന്ധി കൂടുമെന്നാണ് ഇവരുടെ ആശങ്ക.