Tuesday, May 14, 2024
keralaNews

കെ സ്വിഫ്റ്റ് ..ഫ്ളാഗ് ഓഫ് ചടങ്ങ് തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഉദ്ഘാടന വേദിയില്‍ സിഐടിയു ഉള്‍പ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം.

ശമ്പളം നല്‍കാത്തതിനെതിരെയാണ് സിഐടിയു ഉള്‍പ്പെടെയുളള സംഘടനകള്‍ ഫ്ളാഗ് ഓഫ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഉദ്ഘാടന വേദിയില്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടഞ്ഞു.

40 ദിവസത്തിലധികമായി ശമ്പളം ലഭിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് സര്‍ക്കാര്‍ കെ-സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്തത്.

എന്നാല്‍, യൂണിയനുകളുടേത് സ്വാഭാവിക പ്രതികരണമാണെന്നും ധനവകുപ്പിനോട് അധിക സഹായം ചോദിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ഡ്രൈവര്‍ തസ്തികയില്‍ പിഎസ്സി പട്ടികയില്‍ ഉളളവരും, കെ-സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് കെ-സ്വിഫ്റ്റ് ആരംഭിച്ചത്. കെ-സ്വിഫ്റ്റ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് സിഐടിയു ഉള്‍പ്പെടെയുളള ട്രേഡ് യൂണിയനുകള്‍ അറിയിച്ചിരുന്നു.

എല്ലാ ദീര്‍ഘദൂര ബസുകളും കെ-സ്വിഫ്റ്റിലേയ്ക്ക് മാറിയാല്‍, അത് കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ ആദ്യ ബസ് സര്‍വ്വീസ് ഇന്ന് വൈകിട്ട് 5.30 ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.

ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ മൂകാംബിക, ചെന്നൈ, ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേയ്ക്കാണ് സര്‍വീസ്.