Saturday, April 27, 2024
keralaNewsObituary

കണമലയിലെ കാട്ടുപോത്ത് ആക്രമണം: എരുമേലിയില്‍ നാളെ യുഡിഎഫ് പ്രതിഷേധ മാര്‍ച്ച്

എരുമേലി : കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ നാളെ എരുമേലിയില്‍ യുഡിഎഫിന്റെ പ്രതിഷേധം മാര്‍ച്ച് നടക്കും.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ സമാപിക്കും.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച രണ്ടു പേരില്‍ രണ്ടാമത്തെയാളായ ചാക്കോച്ചന്റെ സംസ്‌കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് പള്ളിയില്‍ നടക്കും.ചാക്കോച്ചന്റെ ശവസംസ്‌കാര ചടങ്ങിലും രമേശ് ചെന്നിത്തല പങ്കെടുക്കും. പ്ലാവനാകുഴിയില്‍ (പുന്നത്തറയില്‍) വീട്ടില്‍ തോമസ് ആന്റണിയുടെ സംസ്‌കാരം
ഇന്നലെ വൈകുന്നേരം 4 മണിക്ക് കണമല സെന്റ് തോമസ് പള്ളിയില്‍ നടന്നു. സംസ്‌കാര ചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ ജോസഫ് പുളിക്കല്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് ടാപ്പിംഗ് നടത്തുകയായിരുന്ന ചാക്കോച്ചേനേയും, വീടിന് മുന്നില്‍ പത്രം വായിച്ചിരിക്കുകയായിരുന്ന അയല്‍വാസിയായ പുറത്തേല്‍ ചാക്കോച്ചനെയും കാട്ടുപോത്ത് ആക്രമിക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി കെ ജയശ്രീയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കൂടുതല്‍ ധനസഹായം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് ശേഷം നല്‍കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു.