Saturday, April 20, 2024
keralaNews

എഴുപത് വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു

പത്തനംതിട്ട: റാന്നി പുതമണ്‍ പാലത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം പൂര്‍ണമായും പൊളിച്ചു നീക്കി
പുതിയ പാലം നിര്‍മ്മിക്കും.പൊതുമരാമത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചീനിയര്‍ പരിശോധന നടത്തിയാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത് . പുതിയ പാലത്തിനായി വേഗത്തില്‍ സ്ഥല പരിശോധന നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ആലോചിക്കുന്നത്. പുതിയ പാലം അനിവാര്യമാണെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ പറഞ്ഞു. എത്രയും വേഗത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴഞ്ചേരി റാന്നി റോഡില്‍ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന് എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട്. റോഡ് വികസനത്തിന് പിന്നാലെ 2018 ല്‍ പാലത്തിന്റെ ഇരു വശത്തേക്കും വീതി കൂട്ടിയിരുന്നു. എന്നാല്‍ പഴയ കോണ്‍ക്രീറ്റ് തൂണുകളിലോ സ്ലാബുകളിലോ അറ്റകുറ്റപണികള്‍ നടത്തിയില്ല. കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് വിള്ളല്‍ വീണു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് താഴെയുള്ള പഴയ തൂണുകള്‍ തകര്‍ന്നതാണ് വിള്ളല്‍ വീഴാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചീനിയര്‍ ഡി അശോക് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇതില്‍ പാലത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍ കണ്ടെത്തുകയും ചെയ്തു. അപകട സാധ്യത മുന്‍നിര്‍ത്തി പാലത്തില്‍ ഗതാഗതം ഇപ്പോള്‍ ഭാഗികമായി നിരോധിച്ചിട്ടുണ്ട്. പാലത്തിന്റെ നടുവില്‍ ബാരിക്കേട് കെട്ടി തിരിച്ചിട്ടുണ്ട്. ഈ ബാരിക്കേഡിന്റെ വശങ്ങളിലൂടെ ഇരുചക്ര വാഹനങ്ങളെ മാത്രം കടത്തിവിടുന്നുണ്ട്. കാറുകളും ബസുകളുമടക്കം വലിയ വാഹനങ്ങള്‍ പാലം അടച്ചതോടെ പത്ത് കിലോമീറ്ററോളം ചുറ്റിയാണ് യാത്ര തുടരുന്നത്.