Wednesday, May 8, 2024
keralaNewspolitics

വള്ളത്തിലേറി, വെള്ളം കടന്ന് ജനാധിപത്യ പ്രക്രിയ; നാലു വശവും വെള്ളത്താല്‍ നിറഞ്ഞ പോളിങ് ബൂത്ത്

വൈക്കം നിയോജക മണ്ഡലത്തില്‍ നാലു വശവും വെള്ളമുള്ള കല്ലറ മുണ്ടാര്‍ പോളിങ് ബൂത്തിലേക്ക് തിരഞ്ഞെടുപ്പു സാമഗ്രികള്‍ എത്തിച്ചത് വള്ളത്തില്‍. വൈക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പന്ത്രണ്ടരയോടെയാണ് 14 കിലോമീറ്റര്‍ സഞ്ചരിച്ച് പോളിങ് ഉദ്യോഗസ്ഥരും സാമഗ്രികളും എഴുമാന്തുരുത്തില്‍ എത്തിയത്. ഇവിടെ നിന്നു കരിയാറിന് കുറുകെ കടന്ന് ഉപകനാലിലൂടെ വേണം മുണ്ടാര്‍ സാംസ്‌കാരിക നിലയത്തിലെ പോളിങ് ബൂത്തിലേക്ക് എത്താന്‍.

കല്ലറ വില്ലേജ് അധികൃതര്‍ ഏര്‍പ്പാടാക്കിയ വള്ളത്തിലാണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു സാമഗ്രികളുമായി പോയത്. ആദ്യ സംഘത്തില്‍ 10 ഉദ്യോഗസ്ഥരും 4 പൊലീസ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ വള്ളത്തില്‍ പോളിങ് സാമഗ്രികള്‍ എത്തിക്കുകയും തിരികെ കൊണ്ടു പോവുകയും ചെയ്യുന്ന ഏക പോളിങ് സ്റ്റേഷനാണ് കല്ലറ മുണ്ടാറിലേത്. ചുറ്റും വെള്ളമുള്ള 2500 ഏക്കര്‍ വിസ്തൃതിയുള്ള മുണ്ടാര്‍ തുരുത്തില്‍ 1013 വോട്ടര്‍മാരാണുള്ളത് 514 പുരുഷന്‍മാരും 499 സ്ത്രീകളും. വൈക്കം നിയോജകമണ്ഡലത്തിലെ 137, 137എ എന്നീ രണ്ട് ബൂത്തുകളാണ് ഇവിടെയുള്ളത്.

ഹോട്ടലുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ സമീപവാസികള്‍ തന്നെയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കുന്നത്. സമീപമുള്ള അങ്കണവാടി ഉദ്യോഗസ്ഥര്‍ക്കായി തുറന്ന് നല്‍കിയിട്ടുണ്ട്. മുന്‍പ് പോളിങ് ഉദ്യോഗസ്ഥരുമായി മുണ്ടാറിലേക്ക് പോകുമ്പോള്‍ വള്ളത്തില്‍ നിന്ന് പോളിങ് ഉദ്യോഗസ്ഥ കരിയാറില്‍ വീണ് മുങ്ങിത്താഴ്ന്നപ്പോള്‍ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.