Friday, April 26, 2024
indiaNewsSports

സുരേഷ് റെയ്‌ന അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി.

 

ധോണിയുടെ വഴിയേ സുരേഷ് റെയ്നയും. സുരേഷ് റെയ്‌നയും അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങി. ധോണിയെപോലെതന്നെ സമൂഹ മാധ്യമത്തിലൂടെയാണ് താരവും അന്താരാഷ്ട്ര കിക്കറ്റില്‍ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്. ഐ.പി.എല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാമ്പിനായി ചെന്നൈയിലാണ് ഇരുവരും. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോണിക്കൊപ്പം റെയ്‌നയും ഇതോടെ തിരശീലയിട്ടത്.
2005 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ ധാംബുള്ളയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്‌ന, 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2018 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. 2019 ആഗസ്റ്റില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് റെയ്‌ന ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളും 78 ടി20യും 18 ടെസ്റ്റുകളുമാണ് ഇതുവരെ കളിച്ചത്. ടീമില്‍ നിന്നും പുറത്തുപോയതിന് പിന്നാലെ 2018-19 സീസണില്‍ അഞ്ച് രഞ്ജി മത്സരങ്ങള്‍ താരം റെയ്‌ന കളിച്ചിരുന്നു. അതില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടക്കം 243 റണ്‍സെടുത്തിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 17 മാച്ചുകളിലായി 243 റണ്‍സും താരം അടിച്ചുകൂട്ടിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു 2010 ജൂലൈയില്‍ ശ്രീലങ്കക്കെതിരെ റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2015 ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സിഡ്‌നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളില്‍നിന്ന് 26.48 ശരാശരിയില്‍ 768 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 13 വിക്കറ്റുകളും സ്വന്തമാക്കി.