Friday, May 3, 2024
EntertainmentkeralaNewsObituary

രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം

തൃശൂര്‍: അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുന്‍ എംപി കൂടിയായിരുന്ന ഇന്നസെന്റിന് അന്തിമാഞ്ജലി നേരാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്നസെന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാഴ്ചക്കാരുടെ ജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തി അന്തിമോപചാരമപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ചലച്ചിത്രലോകം ഒന്നടങ്കം എത്തി. പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ വിയോഗ വേദനയില്‍ പലര്‍ക്കും വാക്കുകള്‍ മുറിഞ്ഞു. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം സിനിമ ലോകത്തിന് കനത്ത നഷ്ടമാണ്. പകരം വയ്ക്കാന്‍ കഴിയാത്ത ചിരിയുടെ കലാകാരന്‍ ഇനി ഓര്‍മ്മയാകുകയാണ് .