Sunday, April 28, 2024
keralaNewspolitics

ഇന്ത്യക്കാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ്; ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി

ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ബ്രിട്ടന്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയത്. മുമ്പ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് പത്ത് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്.

വീടുകളിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലോ പത്ത് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. അഞ്ച് ദിവസം കഴിഞ്ഞു നടത്തുന്ന ടെസ്റ്റില്‍ കോവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കുകയും ചെയ്യാം. എന്നാല്‍ ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതിന് മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തണം. ബ്രിട്ടനില്‍ ചെന്നു നടത്താനുള്ള രണ്ട് ടെസ്റ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം. ഇന്ത്യയെ കൂടാതെ ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളേയും ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.