Saturday, May 11, 2024
keralaNews

ഭീതിപരത്തി വേട്ടസംഘം; സംഘത്തില്‍ ആയുധധാരികളായ ആറു പേര്‍, ഒപ്പം നായ്ക്കളും

കാഞ്ഞിരപ്പുഴയില്‍ നായാട്ട് സംഘം സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അറ് പേരും നായ്ക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ജൂലായ് 25ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലായി. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

ശിരുവാണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മധുക്കരൈയില്‍ ആയുധവുമായി മോഷ്ടാക്കളെത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കാഞ്ഞിരപ്പുഴയിലേത് നായാട്ടുസംഘമാണെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ആറുപേരടങ്ങുന്ന സംഘം നായ്ക്കളുമായി രാത്രിയില്‍ നടുറോഡിലൂടെ പോവുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ പതിഞ്ഞത്. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല. സംഘത്തിലെ എല്ലാവരും ആയുധങ്ങള്‍ കരുതിയിരുന്നു. ഇതിനാല്‍ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കാഞ്ഞിരപ്പുഴ ഇറിഗേഷന്‍പദ്ധതിയുടെ ഭാഗമായ സ്ഥലത്ത് ഉപേക്ഷിച്ച കെട്ടിടങ്ങളുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനമെന്നും പ്രദേശവാസികള്‍ പറയുന്നത്. രാത്രിയുടെ മറവില്‍ കാട്ടിലേക്ക് കയറിയത് നായാട്ടുസംഘമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മണ്ണാര്‍ക്കാട് ഡിവൈഎസ്പി വ്യക്തമാക്കി. സംഘാഗങ്ങളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.