Sunday, May 5, 2024
keralaNews

ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും

ശബരിമലയില്‍ ഭക്തരുടെ എണ്ണം ഇരട്ടിയാക്കിയേക്കും. നിലവില്‍ ആയിരം ഭക്തര്‍ക്ക് ദര്‍ശനം ഒരുക്കുന്നത് രണ്ടായിരമായി ഉയര്‍ത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തരെന്നത് നാലായിരം ആക്കിയേക്കും.
ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ആയിരം ഭക്തരെയാണ് ദര്‍ശനത്തിന് അനുവദിച്ചിരുന്നത്. ഇത് വര്‍ധിപ്പിച്ച് രണ്ടായിരം ഭക്തര്‍ക്ക് അനുമതി നല്‍കാനാണ് സാധ്യത. നിലവില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത് നാലായിരമായി ഉയര്‍ത്തും. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ കത്ത് ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല ഉന്നത യോഗം പരിഗണിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തര്‍ക്ക് കോറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ ദര്‍ശനത്തിന് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് അന്തിമ തീരുമാനം ആരോഗ്യ വകുപ്പിന് വിട്ടത്.

പമ്പ- ബസ് സ്റ്റാന്‍ഡ് മുതല്‍ സന്നിധാനം വരെയുള്ള ആറു കിലോമീറ്ററില്‍ കൂടുതല്‍ ഭക്തര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വരിനില്‍ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടിയത്. ശബരിമല വരുമാനത്തിലെ ഗണ്യമായ ഇടിവ് കൂടി പരിഗണിച്ചാണ് ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്ത്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഉത്തരവ് ഇന്ന് ഇറങ്ങുന്ന പക്ഷം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും മാറ്റം വരുത്തും. നിലവില്‍ മണ്ഡല-മകര വിളക്ക് കാലത്തേക്കുള്ള ദര്‍ശന ബുക്കിംഗ് അവസാനിച്ച അവസ്ഥയാണ്.