Tuesday, May 7, 2024
indiaNewspolitics

ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കും

ദില്ലി: എന്‍ഡിഎ മുന്നണിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാര്‍ത്താ അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ അവതാരകരാണ്.

അതിഥി ത്യാഗി , അമന്‍ ചോപ്ര , അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, അര്‍ണാബ് ഗോസ്വാമി, അശോക് ശ്രീവാസ്തവ്, ചിത്ര ത്രിപദി,
ഗൗരവ് സാവന്ത്, നവിക കുമാര്‍, പ്രാചി പരാശര്‍, റുബിക ലിയാഖത്, ശിവ് അരൂര്‍, സുധിര്‍ ചൗധരി, സുശാന്ത് സിന്‍ഹ എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് ബഹിഷ്‌കരിക്കുന്നത് .

ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളില്‍ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തില്‍ രൂപീകരിച്ച കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വര്‍ഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്‌കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവന്‍ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.