Tuesday, May 21, 2024
keralaNews

ദിവസങ്ങളായി അടഞ്ഞു കിടന്ന കടയിലെ പക്ഷികളും മുയലുകളും ചത്തു.

നാദാപുരം പാറക്കടവങ്ങാടിയില്‍ ദിവസങ്ങളായി അടഞ്ഞു കിടന്ന കടയിലെ പക്ഷികളും മുയലുകളും ചത്തു. ചെക്യാട് റോഡില്‍ മുസ്ലിം ലീഗ് ഓഫിസിനോടു ചേര്‍ന്നുള്ള കടയില്‍ കര്‍ണാടക സ്വദേശി നാസര്‍ പക്ഷി മൃഗാദികളെ വില്‍ക്കുന്നതിനായി നടത്തിയിരുന്ന സ്ഥാപനം ലോക് ഡൗണില്‍ തുടര്‍ച്ചയായി തുറക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇതോടെയാണ് ഉടമ നാട്ടിലേക്കു പോയത്. ആരും തിരിഞ്ഞു നോക്കാതെ ആയതോടെ തീറ്റയും വെള്ളവും കിട്ടാതെയാണ് ഇവ ചത്തത്. തീറ്റയും വെള്ളവും നല്‍കാന്‍ ആളെ ഏര്‍പ്പാടു ചെയ്തിരുന്നതായി കടയുടമ പറയുന്നെങ്കിലും ആരെന്നു വ്യക്തമല്ല.

അസഹനീയമായ ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ കടയുടെ ഷട്ടര്‍ തുറന്നപ്പോഴാണു പക്ഷികളുടെയും മുയലുകളുടെയും ദിവസങ്ങള്‍ പഴക്കമുള്ള ജഡങ്ങള്‍ കൂടിനത്തു കണ്ടെത്തുന്നത്. ചെക്യാട് പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെയാണു കട പൂര്‍ണമായി തുറക്കാതായത്. സംഭവം സംബന്ധിച്ചു അന്വേഷണം നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്കു വിവരം നല്‍കിയിട്ടുണ്ട്. ജീവികള്‍ കൂട്ടത്തോടെ ചത്ത സംഭവം അപലപനീയമാണെന്നു പ്രസിഡന്റ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു ജീവികള്‍ക്കു ഭക്ഷണവും വെള്ളവും നല്‍കാനുള്ള ക്രമീകരണം പൊലീസുമായി ആലോചിച്ചു ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.