Friday, May 3, 2024
keralaNews

പുരാവസ്തു തട്ടിപ്പ് വീരനെ സഹായിച്ചു: ഐജി ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സസ്പെന്‍ഷനി ലായിരുന്ന ഐജി ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ 90 ദിവസത്തേക്ക് കൂടി സര്‍ക്കാര്‍. നീട്ടി. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ലക്ഷ്മണിനെ സ്പെന്‍ഡ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസില്‍ നടത്തിയ അന്വേഷണത്തില്‍ മോന്‍സന്‍ മാവുങ്കലുമായി ലക്ഷ്മണിന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ വീണ്ടും നീട്ടിയത്. നവംബര്‍ 10 ന് ലക്ഷ്മണിനെ 60 ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ പീന്നീട് മൂന്ന് തവണ കൂടി ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ നീട്ടിയിരുന്നു. മോന്‍സന്റെ തട്ടിപ്പുകള്‍ക്കെല്ലാം കൂട്ടു നിന്നത് ലക്ഷ്മണാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ തവണയും സസ്പെന്‍ഷന്‍ നീട്ടി നല്‍കുന്നത്. കൊറോണ കാലത്ത് മോന്‍സന്റെ കൂട്ടുകാര്‍ക്ക് ലക്ഷ്മണ്‍ വ്യാപകമായി വാഹന പാസുകള്‍ നല്‍കിയിരുന്നു. ഇതിന് പുറമേ കേസ് അട്ടിമറിയ്ക്കാനും ലക്ഷ്മണ്‍ ശ്രമം നടത്തിയിരുന്നു. മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകനയാരുന്നു ലക്ഷ്മണ്‍. പുരാവസ്തുക്കള്‍ വില്‍പ്പന നടത്താന്‍ ഇടനിലക്കാരനായും ലക്ഷ്മണ്‍ നിന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.