Saturday, May 4, 2024
indiaNews

ആസിഡാക്രമണം: മലയാളി യുവാവ് അറസ്റ്റില്‍

മംഗളുരു: മംഗളുരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡാക്രമണം നടത്തി മലയാളി യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയുമായ അഭിനാണ് പെണ്‍കുട്ടികളുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞതിന് അറസ്റ്റിലായത്.

മംഗളുരു കടബ സര്‍ക്കാര്‍ പിയുസി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് അഭിന്‍ ആക്രമണം നടത്തിയത്. പരീക്ഷയ്ക്ക് മുമ്പ് കോളേജ് വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അഭിന്‍ കയ്യില്‍ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്താനാണ് അഭിന്‍ ശ്രമിച്ചത്.

ആക്രമണം തടഞ്ഞ മറ്റ് രണ്ട് പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് വീഴുകയായിരുന്നു. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ ദേഹത്താണ് ആസിഡ് വീണത്. ആക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയോട് നേരത്തെ അഭിന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിന്‍ കോളേജിലെത്തി ആക്രമണം നടത്തിയത്.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഭിനെ പെണ്‍കുട്ടിയുടെ സഹപാഠികള്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.