Monday, April 29, 2024
keralaNewspolitics

ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പുകളല്ല; തമിഴ്‌നാട് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പുകള്‍ അല്ലെന്നും ലോകായുക്ത പോലുള്ള സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ ഇടപെടുമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പറഞ്ഞു.കേരളത്തിന്റെ നിയമ മന്ത്രി പി രാജീവിനെ അടക്കം സാക്ഷിയാക്കിയായിരുന്നു രവിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍.കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലടക്കം ഒപ്പിടാതെ നില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്തി ഇടത് സംഘടനകള്‍ പ്രതിഷേധിച്ച ദിവസം തന്നെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ തിരുവനന്തപുരത്തെത്തി കേരള ഗവര്‍ണറുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഡിഎംകെ നേതാവ് തിരുച്ചി ശിവ കേരളത്തില്‍ എത്തി ഗവര്‍ണര്‍ക്കെതിരായ സമരത്തിന് ദേശീയമുഖം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് തമിഴ്‌നാട് സര്‍ക്കാര്‍ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെടുന്ന ആര്‍ എന്‍ രവിയെ കേരള ലോകായുക്ത ക്ഷണിച്ചു വരുത്തിയത്.നിയമ മന്ത്രി പി രാജീവിനൊപ്പം വേദി പങ്കിട്ടാണ് തമിഴ്‌നാട് ഗവര്‍ണറുടെ വാക്കുകളെന്നതും എന്നുള്ളതും ശ്രദ്ധേയമാണ്. ലോകായുക്ത പോലുള്ള അഴിമതി നിരോധന സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും ശ്രമിക്കുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കണക്കുകള്‍ നിരത്തി സമര്‍ത്ഥിച്ചാണ് പി രാജീവ് മറുപടി നല്‍കിയത്. ലോകായുക്ത നിയമ ഭേദഗതിയേയും അദ്ദേഹം ന്യായീകരിച്ചു.ലോകായുക്ത ദിനത്തില്‍ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പങ്കെടുത്തത്. തമിഴ്‌നാട് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയില്‍ ഇരിക്കാന്‍ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.