Monday, May 6, 2024
indiaNewspolitics

കുമാരസ്വാമിയെ അധിക്ഷേപിച്ചതിനെ ന്യായീകിരച്ച് കോണ്‍ഗ്രസ് എം.എല്‍.എ

കറുത്തവനെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്;

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയെ ‘കാല കുമാരസ്വാമി’ (കറുത്ത കുമാരസ്വാമി) എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെ സ്വയം ന്യായീകിരച്ച് കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമ്മദ് ഖാന്‍. മാര്‍ച്ച് 30ന് ബിദാര്‍ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു കുമാസ്വാമിക്കെതിരേ പ്രസ്താവന നടത്തിയത്.

പ്രസ്താവനക്ക് പിന്നാലെ ബെംഗളൂരുവിലെ ജെ.ഡി.എസ് അംഗങ്ങള്‍ എം.എല്‍.എയ്ക്കെതിരേ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എ തന്റെ പ്രസ്താവനയെ ന്യായീകരിച്ചു രംഗത്തെത്തിയത്. കറുത്ത ആളെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നായിരുന്നു എം.എല്‍.എ ചോദിച്ചത്.’ഇന്നലെ ജെ.ഡി.എസിലെ ചില പ്രവര്‍ത്തകര്‍ എന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. അവര്‍ പരാതിയും നല്‍കി. കുമാരസ്വാമി വെളുത്ത ഒരാളായിരുന്നു എങ്കില്‍ ഞാന്‍ അദ്ദേഹത്തെ കറുത്തവന്‍ അല്ലെങ്കില്‍ ഇരുണ്ടവന്‍ എന്ന് വിളിച്ചത് തെറ്റായേനെ.
അയാള്‍ ഇരുണ്ടതാണ്, ആളുകള്‍ എന്നെ പൊക്കം കുറഞ്ഞവന്‍ എന്ന് വിളിക്കുന്നു, ദൈവം നമ്മെ ഇതുപോലെയാക്കി. ദൈവം അദ്ദേഹത്തെ ഇരുണ്ടവനാക്കി.

അദ്ദേഹം കറുത്തിട്ടാണ്. കറുപ്പിനെ കറുപ്പ് എന്ന് മാത്രമേ വിളിക്കൂ,’ എന്നായിരുന്നു എം.എല്‍.എ ആവര്‍ത്തിച്ചത്. എച്ച്.ഡി കുമാരസ്വാമിക്കെതിരേ വംശീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജെ.ഡി.എസ് നേതാക്കള്‍ ബംഗളൂരു പൊലിസ്കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്്.