Monday, April 29, 2024
indiaNews

പുറത്തുവിട്ട കമാന്‍ഡോയുടെ ചിത്രം പഴയത് ; സൈനികന്റെ കുടുംബം

 

പുതിയ ചതിക്കുഴി ഒരുക്കി മാവോയിസ്റ്റുകള്‍

ഛത്തീസ്ഗഡിലെ ബിജാപുര്‍-സുക്മ അതിര്‍ത്തിയിലെ വനമേഖലയില്‍ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹസിന്റെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്തുവിട്ടു. എന്നാല്‍, ചിത്രം പഴയതാണെന്ന് സൈനികന്റെ കുടുംബം പറഞ്ഞു. ഇതോടെ, കൂടുതല്‍ സൈനികരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ചതിക്കുഴികള്‍ ഒരുക്കുകയാണ് മാവോയിസ്റ്റുകളെന്ന് റിപ്പോര്‍ട്ട് .

മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മന്‍ഹസ് ഇരിക്കുന്ന ചിത്രമെന്ന രീതിയിലാണ് ഫോട്ടോ അയച്ചത്. ഇദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി മധ്യസ്ഥരെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മധ്യസ്ഥരായി നിയോഗിക്കുമെന്നാണ് മാവോയിസ്റ്റുകള്‍ പറഞ്ഞത്.

എന്നാല്‍, 24 സൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കുമെന്ന് ശപഥം ചെയ്ത സി ആര്‍ പി എഫിനെ ചതിക്കാനുള്ള കരുക്കള്‍ നീക്കുകയാണോ മാവോവാദി തലവന്‍ ഹിദ്മയുടെ നീക്കമെന്ന സംശയവുമുണ്ട്. ഛത്തീഗഢിലെ ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ ശനിയാഴ്ചയായിരുന്നു സുരക്ഷ സേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ സിആര്‍പിഎഫിന്റെ രാകേശ്വര്‍ സിങ് മന്‍ഹാസിനെ കാണാതാവുകയായിരുന്നു. സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മന്‍ഹാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാണാതായ സൈനികന്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് മാവോയിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ചിത്രവും ഇവര്‍ അയച്ചത്. അതേസമയം മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് അറിയിച്ചു. ‘മന്‍ഹാസ് സുരക്ഷിതാനാണെന്ന് കാണിക്കുന്നതിനായി മാവോയിസ്റ്റുകള്‍ പുറത്തുവിട്ട ചിത്രം ഏതാണ്ട് ഒരു വര്‍ഷം പഴക്കമുള്ളതാണ്. അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഈ ചിത്രം കണ്ടതാണ്’ മന്‍ഹാസിന്റെ ബന്ധു പറഞ്ഞു. ഇത് മാവോയിസ്റ്റുകളുടെ തന്ത്രമാണെന്നാണ് ഇവര്‍ പറയുന്നത്.