Saturday, May 4, 2024
indiakeralaNews

സ്വര്‍ണക്കടത്ത്: കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായി ബന്ധമെന്ന് സംശയം

തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടത്തിയ സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്ക് അധോലക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു.കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് അന്വേഷണ ഏജന്‍സി എതിര്‍ സത്യവാങ്മൂലം നല്‍കിയത്. സ്വര്‍ണ്ണക്കടത്തിന്റെ വരുമാനം ദേശ വിരുദ്ധ, ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ ക്ലെയിം ചെയ്തുകൊണ്ട്, പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 180 ദിവസം വരെ തടങ്കലില്‍ വയ്ക്കുന്നത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ അഞ്ചാമത്തെ പ്രതി റമീസ് താന്‍സാനിയയില്‍ വജ്രവ്യാപാരം ആരംഭിക്കാന്‍ ശ്രമിച്ചതായും രാജ്യത്ത് സ്വര്‍ണ്ണ ഖനന ലൈസന്‍സ് നേടാന്‍ ശ്രമിച്ചതായും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നും താന്‍സാനിയയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന് യുഎഇയില്‍ വിറ്റുവെന്നും ഏജന്‍സി അറിയിച്ചു.

ദാവൂദിനെക്കുറിച്ചുള്ള യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉപരോധ സമിതിയുടെ (യുഎന്‍എസ്സി) വിവരണ സംഗ്രഹവും യുഎസ് ട്രഷറി വകുപ്പ് പ്രസിദ്ധീകരിച്ച ഫാക്റ്റ് ഷീറ്റും ഏജന്‍സി ഉദ്ധരിച്ചു. ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ടാന്‍സാനിയയിലെ ദാവൂദ് ഇബ്രാഹിമിന്റെ വജ്രവ്യാപാരത്തെക്കുറിച്ചും സമീപകാല വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടാളിയായ ‘ഫിറോസ്’ ആണ് ഇത് കൈകാര്യം ചെയ്യുന്നത്.ഇന്ത്യയിലെ സാമ്പത്തിക ഏജന്‍സികളുടെ പരമോന്നത രഹസ്യാന്വേഷണ വിഭാഗമായ സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ (സിഇഐബി) 2019 ഒക്ടോബറില്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്തില്‍ നിന്നുള്ള വരുമാനം തീവ്രവാദത്തിനും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈവെട്ട് കേസില്‍ വെറുതെവിട്ട മുഹമ്മദലിക്ക് ഐ.എസുമായും സിമിയുമായും ബന്ധമുള്ളതായും എന്‍.ഐ.എ അവകാശപ്പെട്ടു. സിറിയയിലെ ഐ.എസ് അംഗങ്ങളുടെ വിവരങ്ങളടങ്ങിയ പത്ര കട്ടിങ്, മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഫോട്ടോകള്‍ അടങ്ങിയ പത്രവാര്‍ത്ത എന്നിവ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഫോര്‍മാറ്റ് ചെയ്ത മൊബൈലിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷം മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.

ഡി കമ്പനിയുമായും ഇസ്ലാമിക് സ്റ്റേറ്റുമായുമുള്ള പ്രതികളുടെ ബന്ധം സ്ഥാപിക്കുന്നതാണ് എന്‍ഐഎ റിപ്പോര്‍ട്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.’ഈ കള്ളക്കടത്തുകാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നു. അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശങ്ങള്‍ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു, അതിനാല്‍ അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.”കേരളത്തില്‍ നടന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത്. നിര്‍ഭാഗ്യവശാല്‍, സംസ്ഥാന സര്‍ക്കാര്‍ കുറ്റവാളികളെ പിന്തുണയ്ക്കുകയായിരുന്നു. ഈ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ കണ്ടെത്തും,’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.