Monday, April 29, 2024
indiaNewspolitics

താരമൂല്യം കൂട്ടി യെഡിയൂരപ്പ : ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തും മിന്നും ജയം

രാജരാജേശ്വരിനഗര്‍, സിറ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ബിജെപി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ‘വില’കൂട്ടും. മുഖ്യമന്ത്രിയെ മാറ്റാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുമ്പോള്‍, ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച തന്റെ തന്ത്രങ്ങളാണ് ശരിയെന്ന് യെഡിയൂരപ്പ ഒരിക്കല്‍ കൂടി തെളിയിച്ചു.2019 ജൂലൈയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാന്‍ കോണ്‍ഗ്രസില്‍ നിന്നും ദളില്‍ നിന്നും കൂറുമാറിവര്‍ക്കൊപ്പം നിലകൊള്ളുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് ഈ വിജയം. വൊക്കലിഗ വോട്ടുകള്‍ വിജയികളെ നിശ്ചയിക്കുന്ന 2 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ യെഡിയൂരപ്പ പയറ്റിയ തന്ത്രമാണ് വിജയം കണ്ടത്

ബെംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ മുനിരത്‌ന 58,113 വോട്ടിന്റെയും തുമക്കൂരുവിലെ സിറയില്‍ ഡോ.സി.എം രാജേഷ് ഗൗഡ 13,414 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസും ദളും മാറിമാറി വിജയിച്ചിരുന്ന സിറ പിടിച്ചെടുത്തത് വലിയ നേട്ടമാണ്. കര്‍ണാടക പിസിസി അധ്യക്ഷനായി ഡി.കെ.ശിവകുമാര്‍ ചുമതലയേറ്റ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍, തീപാറുന്ന പ്രചാരണമാണ് ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പയറ്റിയത്.