Monday, May 6, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം:എരുമേലിയില്‍ പ്രത്യേക എംഎല്‍എ ഓഫീസ് തുറന്നു

എരുമേലി : ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയില്‍ മുഴുവന്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും, ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ തീര്‍ത്ഥാടന കാലം അവസാനിക്കും വരെ ഏകോപിപ്പിക്കുന്നതിനും, നേതൃത്വം വഹിക്കുന്നതിനും എരുമേലിയില്‍ പ്രത്യേക എംഎല്‍എ ഓഫീസ് ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എരുമേലി സെന്‍ട്രല്‍ ജംഗ്ഷനിലെ ക്രസന്റ് ബില്‍ഡിങ്ങില്‍ സംസ്ഥാന സഹകരണ- രജിസ്‌ട്രേഷന്‍- സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം ജാഗ്രത പാലിക്കുമെന്നും, തീര്‍ത്ഥാടകര്‍ ഒരു വിധത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.ഉദ്ഘാടനത്തില്‍ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജ്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ജെസ്ന നജീബ്, പൊതു പ്രവര്‍ത്തകരായ ബിനോ ചാലക്കുഴി,സുശീല്‍ കുമാര്‍,അജ്മല്‍ മലയില്‍, അനസ് പ്ലാമൂട്ടില്‍,തങ്കച്ചന്‍ കാരക്കാട്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.