Wednesday, April 17, 2024
keralaNews

അറസ്റ്റ് ചെയ്താല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ;ശിവശങ്കര്‍.

രാഷ്ട്രീയ കളിയില്‍ താന്‍ കരുവാക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. കസ്റ്റംസ് കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. മുന്‍പില്‍ 60 അധികം തവണ താന്‍ ഹാജരായി, 90 മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖബാധിതനായി മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കോടതി വിധി മറികടക്കാനുള്ള ശ്രമമാണെന്നും ശിവശങ്കര്‍ പറഞ്ഞു.

ഐഎഎസ് ഓഫീസറായ തന്നെ, മറ്റു ലക്ഷ്യങ്ങള്‍ക്കായി എല്ലാ അന്വേഷണ ഏജന്‍സികളും ഒരു ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുകയാണ്. എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നറിയില്ല. അറസ്റ്റ് ചെയ്താല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി. കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലി ചെയ്യുന്നുവെന്ന കാരണത്താല്‍, നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്നും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

അതേസമയം, രാഷ്ട്രീയം കളിക്കുന്നത് ശിവശങ്കറാണ് എന്നാണ് കസ്റ്റംസ് നിലപാട്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു അതിനെതിരായാണ് ഇപ്പോള്‍ ശിവശങ്കറിന്റെ മൊഴി. സമന്‍സ് സ്വീകരിക്കാനും ഹാജരാകാനും ശിവശങ്കര്‍ വിസമ്മതിക്കുകയാണ് ചെയ്തതെന്ന് കസ്റ്റംസ് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ശിവശങ്കര്‍ വിസമ്മതിക്കുന്നതായും കസ്റ്റംസ് വെളിപ്പെടുത്തി.