Wednesday, April 24, 2024
keralaNewsObituary

വാന്‍ ‘എസ്’ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു

ഇടുക്കി: പൂപ്പാറ തോണ്ടിമലയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളായ സി പെരുമാള്‍ (59), വള്ളിയമ്മ (70), സുശീന്ദ്രന്‍ (8) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെല്‍വേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്. വാനില്‍ 24 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 17 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്. എസ് വളവില്‍ വെച്ചാണ് അപകടം നടന്നത്. തോണ്ടിമല ഇറച്ചില്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാന്‍ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.