Monday, April 29, 2024
indiaNews

മുട്ടയുടെ ഉത്പാദനം കുറഞ്ഞു ;വിപണിയില്‍ വില ഉയര്‍ന്നു.

 

കൊവിഡ് കാലത്ത് മുട്ട വിലയില്‍ വന്ന ഇടിവ് കണ്ട് മലയാളികള്‍ അമ്പരന്നു. 100 രൂപയ്ക്ക് 30 മുട്ടയാണ് അന്ന് വഴിയോരങ്ങളില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. തെരുവില്‍ നിന്ന് മുട്ടകള്‍ അപ്രത്യക്ഷമായി. ഒപ്പം വിപണിയില്‍ മുട്ട വില ഉയര്‍ന്നു തുടങ്ങി.മുട്ടയുടെ ഉത്പാദനം കുറഞ്ഞു. അതിനൊപ്പം ഉപഭോഗവും വര്‍ദ്ധിച്ചതും ക്ഷാമത്തിന് കാരണമായി. രാജ്യമൊട്ടാകെ ഇതാണ് അവസ്ഥ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുട്ട വിരിയിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. നേരത്തെ ഒരു മുട്ടയ്ക്ക് മൊത്ത വിപണിയില്‍ 4 രൂപയും ചില്ലറ വില്പന 5 രൂപയ്ക്കുമായിരുന്നു. ഇപ്പോള്‍ അത് 5.30 ഉം 6 രൂപയുമായി വര്‍ദ്ധിച്ചു. താറാമുട്ട 7 രൂപയ്ക്ക് ലഭ്യമാണ്. വരുംദിവസങ്ങളില്‍ മുട്ടക്ഷാമം രൂക്ഷമാകാനാണ് സാധ്യത.തമിഴ്‌നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിഹിതമായ മുട്ടയാണ് ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലേക്ക് എത്തിയത്. സ്‌കൂള്‍ തുറക്കുമ്പോള്‍ വിതരണം ചെയ്യാനുള്ള മുട്ടകള്‍ വേനലവധി കാലത്തു തന്നെ ശേഖരിച്ച് കോള്‍ഡ് സ്റ്റേറേജില്‍ സൂക്ഷിച്ചിരുന്നു.. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കല്‍ നീണ്ടതോടെ സ്റ്റോക്ക് ചെയ്ത മുട്ടകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പ്രയാണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലേക്കും കോഴിമുട്ടയെത്തുന്നത്.