Tuesday, May 14, 2024
keralaNewspolitics

മുഖ്യമന്ത്രിയ്ക്ക് സ്വന്തം നിഴലിനെ പോലും ഭയമാണെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിമര്‍ശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടത്. ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. മകളെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ആര്‍ക്കാണ് സമനില തെറ്റിയതെന്ന് വാര്‍ത്താസമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാം. സമനില തെറ്റിയവനാണ് മറ്റുള്ളവര്‍ക്ക് സമനില തെറ്റിയെന്ന് തോന്നുക. മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിയ്ക്ക് ഭയമാണ്. കളളു കുടിച്ച കുരങ്ങനെ തേളു കുത്തിയാല്‍ എങ്ങനെയിരിക്കുമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. ഭീഷണിയെയും പേടിപ്പിക്കലിനെയും മുഖവിലയ്ക്ക് എടുക്കുന്നില്ല .പിണറായി വിജയന്റെ ചരിത്രം കുറെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. കോളേജില്‍ സീറ്റു വാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടെന്നും എല്ലാവര്‍ക്കും അറിയാം. കൊള്ളപണത്തിന്റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടി എന്ന ആരോപണം ആവര്‍ത്തിക്കുന്നു. പാപക്കറയില്‍ നിന്ന് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കാന്‍ ആവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.