Sunday, May 5, 2024
keralaNews

പിന്നാക്ക വിദ്യാഭ്യാസ സംവരണത്തിന്റെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം.

പിന്നാക്ക വിഭാഗത്തിന് സംസ്ഥാനത്ത് അനുവദിച്ചു തന്നിരിക്കുന്ന വിദ്യാഭ്യാസ സംവരണത്തിന്റെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം പ്രമേയം. ഇന്ത്യയുടെ 103-ാമത് ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ച് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉത്തരവായിരിക്കുന്ന മുന്നാക്ക സമുദായ വിദ്യാര്‍ഥി സംവരണം സാമൂഹ്യ നീതിക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്നും കൗണ്‍സില്ലിന്റെ പ്രമേയം ചൂണ്ടിക്കാട്ടുന്നു.

മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയിലും, ഈ വസ്തുത അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനയുടെ 15(4), 16(4) എന്നീ വകുപ്പുകള്‍ സാമ്പത്തിക സംവരണത്തിന്റെ സാധ്യതകളെ വ്യക്തമായി ഖണ്ഡിക്കുന്നതും, തള്ളിക്കളയുന്നതുമാണ്. ആയതിനാല്‍ തൊഴില്‍ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഭരണഘടന 103-ാം ഭേദഗതിയിലൂടെ 12-01-2019-ല്‍ നിലവില്‍ വന്ന മുന്നാക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ നടപ്പിലാക്കുന്ന സാമ്ബത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. ആയതിനാല്‍ ഈ സംവരണത്തിന് നിയമപരമായ സാധുത നല്‍കുന്നതിനായി ഇന്ത്യന്‍ ഭരണഘടനയില്‍ പുതിയതായി ചേര്‍ക്കപ്പെട്ട 15(6), 16(6) എന്നീ വകുപ്പുകള്‍ അസ്ഥിരപ്പെടുത്തുവാനും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുവാനും എസ്.എന്‍.ഡി.പി.യോഗം ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളതാണ്.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ സാമ്ബത്തിക സംവരണ സംവിധാനം സാമൂഹിക നീതിക്കെതിരും കടുത്ത വിവേചനം ഉളവാക്കുന്നതുമാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ ഈഴവ/തീയ്യ/ബില്ലവ സമുദായം ഏതാണ്ട് 29 ശതമാനത്തില്‍ അധികം വരുന്ന ജനവിഭാഗമാണ്. ഈ വിഭാഗത്തില്‍ 98 ശതമാനവും ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ക്രീമിലെയര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത സംവരണ പരിരക്ഷ ലഭിക്കേണ്ടവരുമാണ്. അതേസമയം കേരളത്തിലെ ഹിന്ദു വിഭാഗത്തിലെ മുന്നാക്ക സമുദായ അംഗങ്ങളും മുന്നാക്ക ക്രൈസ്തവ സമുദായ അംഗങ്ങളും ചേര്‍ന്നു വരുന്ന 26 ശതമാനം ജനതയില്‍ 80 ശതമാനവും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥ പങ്കാളിത്തം കൊണ്ടും മുന്നില്‍ നില്‍ക്കുന്നവരാണ്. ചുരുക്കത്തില്‍ കേരളത്തില്‍ പുതിയതായി നടപ്പിലാക്കിയ സാമ്ബത്തിക സംവരണത്തിന്റെ ഗുണഭോക്താക്കള്‍ കേരള ജനസംഖ്യയിലെ 5 ശതമാനം മാത്രം വരുന്ന ജനവിഭാഗം ഉള്‍ക്കൊള്ളുന്നതാണ്. ഈ 5 ശതമാനം മുന്നാക്ക ജനവിഭാഗത്തിന് വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും 10 ശതമാനം സംവരണം ലഭിക്കുന്നു. എന്നാല്‍ 29 ശതമാനം വരുന്ന ഈഴവ/ തീയ്യ/ബില്ലവ സമുദായത്തിന് വിവിധ വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കുന്ന കേവലം 3 ശതമാനം മുതല്‍ 9 ശതമാനം വരെയാണ്.

ഈഴവ/തീയ്യ/ബില്ലവ സമുദായത്തിന് ലഭിക്കുന്ന വിദ്യാഭ്യാസ സംവരണം ചുവടെ:

1. പ്രൊഫഷണല്‍ ഡിഗ്രി കോഴ്സ് – 9 ശതമാനം

2. ആര്‍ട്സ് & സയന്‍സ് കോഴ്സുകള്‍ – 8 ശതമാനം

3. മെഡിക്കല്‍ പി.ജി. കോഴ്സുകള്‍ – 3 ശതമാനം

4. ഐ.റ്റി.ഐ. (സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍) – 9 ശതമാനം

5. ഡിപ്ലോമ കോഴ്സുകള്‍ – 9 ശതമാനം

6. ഹയര്‍ സെക്കന്ററി കോഴ്സുകള്‍ – 8 ശതമാനം

7. വി.എച്ച്.എസ്.സി. – 9 ശതമാനം

മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വസ്തുതകള്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ പിന്നാക്ക സമുദായങ്ങളോട് പ്രത്യേകിച്ച് ഈഴവ/തീയ്യ/ബില്ലവ സമുദായത്തോട് വിദ്യാഭ്യാസ സംവരണ വിഷയത്തില്‍ കാണിക്കുന്ന അനീതി വെളിവാകുന്നതാണ്. ഇതോടൊപ്പം തന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഇപ്പോള്‍ പുതുതായി സംവരണം ലഭിക്കുന്ന സമുദായങ്ങളുടെ ഈ മേഖലയിലെ ഇപ്പോഴത്തെ പ്രാതിനിധ്യം കൂടി പരിഗണിക്കേണ്ടതാണ്. കേരളത്തിലെ എയ്ഡഡ് മേഖലയിലേയും, അണ്‍ എയ്ഡഡ് മേഖലയിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 65 ശതമാനവും മുന്നാക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. അതിനാല്‍ തന്നെ മാനേജ്മെന്റ് ക്വാട്ടയിലും കമ്യൂണിറ്റി ക്വാട്ടയിലും ആയി ഈ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ഇതിലൂടെ 70 ശതമാനത്തില്‍ അധിക പങ്കാളിത്തം ലഭിക്കുന്നു. ഈ പങ്കാളിത്തത്തിന് അധികമായിട്ടാണ് കേരളത്തില്‍ പുതിയതായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയിരുക്കുന്ന സാമ്പത്തിക സംവരണം.

കേരളത്തില്‍ ഈ കഴിഞ്ഞ മെഡിക്കല്‍ പി.ജി. അഡ്മിഷനുകളില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണ രീതി അക്ഷരാര്‍ഥത്തില്‍ നീതിരാഹിത്യം പ്രകടമാക്കുന്നതാണ്. 5 ശതമാനത്തോളം വരുന്ന മുന്നോക്ക സമുദായത്തിലെ സംവരണ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ പി.ജി.കോഴ്സുകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമ്പോള്‍ 29 ശതമാനം വരുന്ന ഈഴവ/തീയ്യ/ബില്ലവ സമുദായത്തിന് ലഭിക്കുന്നത് കേവലം 3 ശതമാനം മാത്രമാണ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്. അഡ്മിഷനുകള്‍ക്ക് സാമ്പത്തിക സംവരണത്തിനായി 10 ശതമാനം ക്വോട്ടാ നിശ്ചയിക്കുന്നതിന് അനുവദിച്ചിരിക്കുന്ന ഇപ്പോഴത്തെ രീതിയില്‍ കേന്ദ്ര പൂളിലേയ്ക്കും, മറ്റ് മേഖലയിലേയ്ക്കുമായി മാറ്റിവെക്കപ്പെട്ട സീറ്റുകളുടെ എണ്ണം കിഴിവു ചെയ്യാതെ മൊത്തം സീറ്റുകള്‍ കണക്കിലാക്കി ആയതിന്റെ 10 ശതമാനം മൂന്നാക്ക സംവരണമായി മാറ്റിവെക്കുന്നു. എന്നാല്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തിന് എണ്ണം നിശ്ചയിക്കുന്നതില്‍ ഈ മാനദണ്ഡം അനുവര്‍ത്തിക്കുന്നില്ല.

മുകളില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ പിന്നാക്ക സമുദായ സംവരണത്തില്‍ പ്രത്യേകിച്ച് ഈഴവ/തീയ്യ/ബില്ലവ സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നല്‍കി വരുന്ന സംവരണം അപര്യാപ്തവും, ജനസംഖ്യാനുപാതികവുമല്ല. ഈ സാഹചര്യത്തില്‍ ഈഴവ/തീയ്യ/ബില്ലവ സമുദായത്തിന് നിലവിലുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയായി വര്‍ധിപ്പിക്കുകയും സമുദായത്തിന് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച് നല്‍കി സാമൂഹ്യ നീതി നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.