Sunday, May 5, 2024
keralaNews

തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ട് ഉപേക്ഷിച്ചു.

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്.കളക്ടറും പെസോ അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് വേണ്ടെന്ന തീരുമാനമെടുത്തത്. അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു അതിനാല്‍ അത് നിര്‍വീര്യമാക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന്, ആഘോഷമായ വെടിക്കെട്ടൊഴിവാക്കി ഇവ പൊട്ടിച്ചു കളയാനും തീരുമാനമായി. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. അതേസമയം പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ അംഗങ്ങളായ രമേശന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 27 പേര്‍ക്ക് പരുക്കുണ്ട്. 20 പേരെ ജില്ലാ ആശുപത്രിയിലും 7 പേരെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ബ്രഹ്‌മസ്വം മടത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണാണ് അപകടം ഉണ്ടായത്. രാത്രി 12.30-ഓടെയാണ് അപകടമുണ്ടായത്. മരം വീണ ഉടനെ തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന ആന ഭയന്നോടി. പിന്നീട് ആനയെ തളച്ചു.നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം കുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.