Tuesday, May 7, 2024
GulfkeralaNewsObituary

ദുബായ് ദെയ്‌റയിലെ തീപിടിത്തം; രണ്ട് മലയാളികള്‍ അടക്കം 16 പേര്‍ മരിച്ചു

ദുബായ്:ദെയ്‌റ നായിഫിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ അടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് തമിഴ്‌നാട് സ്വദേശികളും മരിച്ചിട്ടുണ്ട്. പാകിസ്താന്‍ നൈജീരിയന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നായിഫ് ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. പുക ശ്വസിച്ചാണ് റിജേഷും ജീഷിയും മരിച്ചതെന്നാണ് നിഗമനം. ഇവര്‍ താമസിച്ചിരുന്ന മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരില്‍ പെടുന്നു. മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തീപിടിത്തത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത് .  തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ പൊലീസും, സിവില്‍ ഡിഫന്‍സും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ക്രെയിനുപയോഗിച്ചാണ് കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരെ പുറത്തിറക്കിയത്. കെട്ടിടത്തിലെ തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.