Monday, May 6, 2024
HealthkeralaNews

സംസ്ഥാനത്ത് ലഹരിക്കടത്ത് കേസില്‍ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് എക്സൈസ് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ലഹരിക്കടത്ത് കേസില്‍ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് എക്സൈസ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലഹരിക്കടത്ത് കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരില്‍ 514 പേരും 21 വയസില്‍ താഴെയുള്ളവരാണ്. ഈ വര്‍ഷം ഇതുവരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാന്‍ നിയമ ഭേദഗതി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കി. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന് ലഹരിക്കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മറയാക്കിക്കൊണ്ട് നടത്തുന്ന കടത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പല വിധത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണ് ലഹരിമാഫിയ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വലയിലാക്കുന്നത്.യുവാക്കള്‍ പ്രതികളാകുന്നത് വര്‍ദ്ധിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവരുടെ കണക്കുകള്‍ ശേഖരിച്ച് എക്സൈസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 3667 കേസുകളിലായി 3791 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 514 പേര്‍ 21 വയസിന് താഴെയുള്ളവര്‍. ഈ വര്‍ഷം രജിസ്റ്റര്‍ 2232 കേസുകളില്‍ 518 പ്രതികള്‍ 21 വയസിന് താഴെയുള്ളവരാണ്. പ്രതികളായ യുവാക്കളും മയക്കു മരുന്നിന് അടിമകളാണെന്നും എക്സൈസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എക്സൈസിന്‍ഫെ വിമുക്തി കേന്ദ്രത്തില്‍ മയക്കുമരുന്നിന് അടമപ്പെട്ട് ചികിത്സയില്‍ കഴിയുന്ന യുവാക്കളുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. ഇത് സാമൂഹിക, സാമ്പത്തിക, ഗാര്‍ഹിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. പിടികൂടുന്നതിനേക്കാള്‍ കൂടുതല്‍ കഞ്ചാവും മയക്കുമരുന്നും നിയമസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് കടത്തുന്നുണ്ട്. വിലകുറവും ലഭ്യതാ സാധ്യതയുമുള്ളതുകൊണ്ട് കഞ്ചാവാണ് വ്യാപകമായി വില്‍ക്കുന്നത്. കേരളത്തില്‍ ലഹരിവ്യാപാരം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം സുഗമമാക്കാനുള്ള ശുപാര്‍ശകളും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസാണ് കൈമാറുന്നത്. ഇതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണം. യുവാക്കളുടെ അമിതമായ പുകയില ഉപയോഗമാണ് യുവാക്കളെ ലഹരിയ്ക്ക് അടിമയാക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് പിടിച്ചാല്‍ 200 രൂപ മാത്രമാണ് പിഴ. ഇത് വര്‍ദ്ധിപ്പിച്ചാല്‍ ഒരു പരിധി വരെ അനാവശ്യ ലഹരി ഉപയോഗം തടയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു