Monday, April 29, 2024
keralaNews

ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കള്‍ മരിച്ചു.

തൃശൂര്‍ :ഓടുന്ന ട്രെയിനില്‍നിന്ന് വീണ് രണ്ടു യുവാക്കള്‍ മരിച്ചു.കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം.കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.കൊരട്ടിയിലാണ് യുവാക്കള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കൊരട്ടിയിലെത്തിയപ്പോള്‍ ഇരുവരും ട്രെയിനില്‍നിന്ന് ചാടി. ഇവരില്‍ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്കു ചാടിയപ്പോള്‍ തലയടിച്ചു വീഴുകയും രണ്ടാമത്തെയാള്‍ ചാടിയപ്പോള്‍ പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.കൊരട്ടി സ്വദേശികളായി ഇരുവരും കൊച്ചിയില്‍ ജോലി ആവശ്യത്തിനായി പോയി തിരികെ വരികയായിരുന്നു. മിക്ക ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ലാത്തതിനാല്‍ സംഭവം നടന്ന് ഏറെക്കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്കു മാറ്റി.