Sunday, April 28, 2024
indiaNewspolitics

കോണ്‍ഗ്രസിന് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം; ഉത്തരംമുട്ടി നേതൃത്വം.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. സംസ്ഥാനമൊട്ടാകെ ഇളക്കി മറിച്ച് നടത്തിയ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ചുവെന്നല്ലാതെ വോട്ടായി മാറിയില്ല. മഹാസഖ്യത്തില്‍ എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആകെ 21 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചുവെന്നത് മാത്രമാണ് കോണ്‍ഗ്രസിന് എടുത്തു പറയാന്‍ കഴിയുന്ന ഒരു കാര്യം.

എന്നാല്‍ കോണ്‍ഗ്രസിന് ഇത്രയധികം സീറ്റുകള്‍ മനസില്ലാ മനസോടെയാണ് ആര്‍ ജെ ഡി നല്‍കിയത്. കൂടുതല്‍ സീറ്റുകളില്‍ ആര്‍ ജെ ഡി മത്സരിച്ചാല്‍ മഹാസഖ്യത്തിന് നേട്ടമുണ്ടാക്കാനാകുമെന്ന് ലാലു പ്രസാദ് യാദവ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിനെ ബീഹാറില്‍ നിന്ന് തുടച്ചുനീക്കിയത്. അതേ സോഷ്യലിസ്റ്റുകള്‍ക്കൊപ്പം നിന്നിട്ടും കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇനി തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ഇതിനെ എങ്ങനെ വിശദീകരിക്കുമെന്നുമാണ് കണ്ടറിയേണ്ടത്.