Thursday, May 2, 2024
keralaNewspolitics

രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേരളത്തില്‍ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ആകെ ഉള്ള അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടിവന്ന ബിജെപിക്ക് നിരവധി വിഷയങ്ങളില്‍ വിമര്‍ശനം നേരിടുകയാണ്. പല മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞതും സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ രാജി തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെ നേതാക്കളുടെ നേരിട്ടുള്ള ശ്രദ്ധയുണ്ടായിട്ടും ബിജെപിക്കുണ്ടായ ഈ തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും ഏകപക്ഷീയമായി നീങ്ങിയെന്ന പരാതിയാണ് അണികളില്‍ പലര്‍ക്കും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ മഞ്ചേശ്വരം, കാസര്‍കോട്, തൃശൂര്‍, പാലക്കാട്, മലമ്പുഴ,ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളെക്കൂടാതെ ആറ്റിങ്ങലിലും നേമത്തും കൂടി രണ്ടാമതായി.എങ്കിലും 12 സീറ്റ് വരെ ജയിക്കുമെന്ന് വിലയിരുത്തിയ ബിജെപി നേതൃത്വത്തെ ഈ തോല്‍വി വന്‍ പ്രതിസന്ധിയിലാക്കി. സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാര്‍ക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ചിരുന്നു.