Tuesday, May 7, 2024
educationindiaNews

രാജ്യപ്രൗഢി ചന്ദ്രനോളം: ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ബംഗലൂരു : ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അഭിനന്ദിച്ചു. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കിയ പ്രധാനമന്ത്രി ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ നിങ്ങളോരോരുത്തരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും പറഞ്ഞു. ചന്ദ്രയാന്‍ 3 ലൂടെ രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം എത്തിച്ചു.                                                        ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള്‍ കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്ത്യ, ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുന്നു. വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാന്‍ ഇന്ത്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓരോ നിമിഷവും ഓര്‍മയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസ്സായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു. ഈ നേട്ടം യാഥാര്‍ഥ്യമാക്കിയത് ശാസ്ത്രജ്ഞന്മാരാണ്. പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടം അംഗീകരിച്ച് കഴിഞ്ഞു.                                                                           ഇസ്രോയുടെ ഓരോ അംഗങ്ങള്‍ക്കും നന്ദി. നിങ്ങള്‍ രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചു. ചന്ദ്രനില്‍ വിക്രം കാല്‍ കുത്തിയ ഇടം ഇനി “ശിവശക്തി” എന്ന് അറിയപ്പെടും. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സ്പര്‍ശിച്ച അഭിമാനകരമായ നിമിഷം താന്‍ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. വിദേശ സന്ദര്‍ശനം പൂര്‍ത്തിയായാലുടന്‍ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.                                                                                  ഇസ്രോ മേധാവി എസ് സോമനാഥും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് ക്യാമ്പസിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി എത്തിയതില്‍ അഭിമാനവും സന്തോഷവുമെന്നും ഇസ്രോ മേധാവി എസ് സോമനാഥ് പ്രതികരിച്ചു. എങ്ങനെ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതെന്നടക്കം ഗ്രാഫിക്കല്‍ ദൃശ്യവല്‍ക്കരണത്തിലൂടെ ഇസ്രോ മേധാവി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്‍കി. ‘ചന്ദ്രയാന്‍-3യുടെ ചാന്ദ്രദൗത്യത്തിന്റെ വിജയത്തില്‍ നമ്മുടെ വനിത ശാസ്ത്രജ്ഞരും രാജ്യത്തിന്റെ നാരീശക്തിയും വലിയ പിന്തുണ നല്‍കി. അവരെ ഞാന്‍ അഭിനന്ദിക്കുന്നു.                                                                                                          ചന്ദ്രയാന്‍ -3 യുടെ ലാന്‍ഡിംഗ് തീയതിയായ ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി  ആഘോഷിക്കപ്പെടും. ചന്ദ്രയാന്‍ 2-ന്റെ ‘തിരംഗ പോയിന്റ് ‘ എന്നും അറിയപ്പെടും. ഇത് ശാസ്ത്ര സാങ്കേതിക വിദ്യ ആഘോഷിക്കുന്ന ദിനമായിരിക്കും, വരും തലമുറകള്‍ക്ക് പ്രചോദനമാകും. നിങ്ങള്‍ ഒരു തലമുറയെ മുഴുവന്‍ ഉണര്‍ത്തുകയും അവരില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ചന്ദ്രയാന്‍ എന്ന പേര് മുഴങ്ങുകയാണ്. ഓരോ കുട്ടിയും അവന്റെ അല്ലെങ്കില്‍ അവളുടെ ഭാവി ശാസ്ത്രജ്ഞരില്‍ സ്വപ്നം കാണുന്നു.                        ഇന്ന്  വ്യാപാരം മുതല്‍ സാങ്കേതികവിദ്യ വരെ ഒന്നാം നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ കണക്കാക്കുന്നു. ‘മൂന്നാം നിരയില്‍’ നിന്നും ‘ഒന്നാം നിര’യിലേക്കുള്ള നമ്മുടെ യാത്രയില്‍ ഐഎസ്ആര്‍ഒ പോലുള്ള സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു’- പ്രധാനമന്ത്രി പറഞ്ഞു. അനന്തമായ പ്രപഞ്ചത്തില്‍ ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തിന്റെ ഗര്‍ജ്ജിക്കുന്ന പ്രഖ്യാപനമാണിത്. നൂതനമായും അതുല്യമായും ചിന്തിക്കുന്ന ഇന്ത്യയാണിത്. ഇരുണ്ട മേഖലകളിലേക്ക് പോയി വെളിച്ചം പരത്തി ലോകത്തെ പ്രകാശിപ്പിക്കുന്ന ഇന്ത്യയാണിത്. ഇന്ത്യ ഇന്ന് ചന്ദ്രനിലാണ്, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം എത്തിച്ചു. ഇത് ചെറിയ ഒരു നേട്ടമല്ല. ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണിത്’.