ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണം; ഖജനാവ് ചോര്‍ത്തുന്നവരെ തിരിച്ചറിയണം: സിപിഐ

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണത്തിന് ഇനി സ്വകാര്യ കമ്പനികള്‍ വേണ്ടെന്നും ഖജനാവ് ചോര്‍ത്തുന്നവരെ തിരിച്ചറിയണമെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ തുറന്നടിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോര്‍പറേഷനെതിരെ സിപിഐ രംഗത്തെത്തിയിരിക്കുന്നത്. ഖജനാവില്‍ നിന്ന് കോടികള്‍ ചോര്‍ത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും കെ എം ദിനകരന്‍ പറഞ്ഞു.
കരാര്‍ ഏറ്റെടുക്കാന്‍ പല പൊതുമേഖലാ സ്ഥാപനങ്ങളും തയാറാണ്. എന്നാല്‍ കൊച്ചി കോര്‍പറേഷന്‍ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ ഖജനാവ് കാലിയാക്കുകയാണ്. ഇവരെക്കുറിച്ച് നിരവധി പരാതികളുണ്ട്. സര്‍ക്കാരും കോര്‍പറേഷനും ഇത് കണ്ടില്ലെന്ന് നടിക്കരുത്. തെരഞ്ഞെടുത്ത ജനങ്ങളോടുളള ഉത്തരവാദിത്വം മറക്കരുത്. കരാര്‍ അഴിമതിയിലെ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും കെ എം ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.