Wednesday, April 24, 2024
educationkeralaNewsObituary

മലയാളത്തിന് ഇനിയും ചൊല്ലാന്‍ ഒരുപാട് കവിതകള്‍ ബാക്കിയാക്കിയ മഹാകവി

തിരുവനന്തപുരം: മലയാളത്തിന് ഇനിയും ചൊല്ലാന്‍ ഒരുപാട് കവിതകള്‍ ബാക്കിയാക്കി കാലയവനികയിലേക്ക് മറഞ്ഞ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 94ാം ജന്മദിനമാണ് ഇന്ന്. മനുഷ്യസ്‌നേഹത്തിന്റെയും, ആത്മദര്‍ശനത്തിന്റെയും മഹാഗാഥകളെന്നാണ് അക്കിത്തത്തിന്റെ കവിതകള്‍ അറിയപെടുന്നത്. എം.ടിയ്ക്കും ഇടശ്ശേരിക്കുമൊപ്പം പ്രതിഭയുടെ പൊന്നാനിക്കളരിയില്‍ ഒരിടം നേടിയ അക്കിത്തം മലയാളത്തിന് ചൊല്ലാന്‍ ഒരുപാട് കവിതകള്‍ ബാക്കിയാക്കിയാണ് കാലയവനികയിലേക്ക് മറഞ്ഞത്. കണ്ണീരിന്റെയും പുഞ്ചിരിയുടെയും ചാരിതാര്‍ത്ഥ്യത്തിന്റെയും കവിതകളാണ് അക്കിത്തത്തിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനാണ് അദ്ദേഹം. രണ്ടു നൂറ്റാണ്ടുകളുടെ കാഴ്ചകളെ കവിതകളാക്കിയ മനുഷ്യസ്‌നേഹി. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം ലേഖനസമാഹാരം അടക്കം അന്‍പതോളം കൃതികള്‍. മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ ജ്ഞാനപീഠം നേടിയ കവി . ക്ഷേത്ര മതിലുകളില്‍ കരിക്കട്ട കൊണ്ട് കുത്തിക്കുറിച്ച് തുടങ്ങിയ കവിതയുടെ ഒഴിയാബാധ. മഹാകാവ്യങ്ങളൊന്നുന്നു പോലും എഴുതിയില്ലെങ്കിലും അക്കിത്തം മഹാകവിയായി. വാക്കുകള്‍ക്ക് മൂര്‍ച്ചയേറുമ്പോഴും വരികളെ കാവ്യാത്മകവുമാക്കി കവി. യോഗക്ഷേമസഭയിലൂടെ സമുദായിക പരിഷ്‌കരണാശയങ്ങളും കവിയുടെ കവിതകള്‍ക്ക് മഷിയായി. അതിരില്ലാത്ത കാല്‍പനികതയില്‍ നിന്ന് അകന്നു നില്‍ക്കുമ്പോളും സ്‌നേഹത്തിലെ തീജ്വാല അദ്‌ദേഹം കാണാതിരുന്നില്ല. തുടക്കത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന കവി പിന്നീട് കവിതകളിലൂടെ തന്നെ ഇവയെ നിരാകരിക്കുന്നതും കണ്ടു. അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. താന്‍ ഒരു കൊടിമര ചോടിന്റെയും തണല്‍ തേടുന്നില്ലെന്ന് കവി ആവര്‍ത്തിച്ചു. 2020 ഒക്ടോബര്‍ 15ന് അക്ഷരങ്ങള്‍ ബാക്കിയാക്കി അദ്ദേഹം മറഞ്ഞെങ്കിലും മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും ലോകത്താണ് താനെന്ന് നിരന്തരം സാക്ഷ്യപ്പെടുത്തുന്ന എട്ടു പതിറ്റാണ്ടിന്റെ ആ കവിത്വം.