Monday, May 6, 2024
indiaNews

കവര്‍ച്ചാസംഘം മൊബൈല്‍ ടവര്‍ അഴിച്ചുകൊണ്ടുപോയി

ബിഹാര്‍: ബിഹാറിലെ പറ്റ്നക്കടുത്തുള്ള യാര്‍പൂര്‍ രജപുത്താനയിക പ്രവര്‍ത്തിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ കവര്‍ച്ചാസംഘം അഴിച്ചുകൊണ്ടുപോയി.    മൊബെല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നില്ല പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴാണ് ടവര്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി അറിയുന്നത്.രണ്ട് ആഴ്ച മുമ്പ് മൊബൈല്‍ ടവര്‍ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി മൂന്ന് പേര്‍ സ്ഥലത്തെത്തി ടവറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്നും അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാര്‍ വന്ന് ടവര്‍ അഴിച്ചു കൊണ്ടുപോകുമെന്നും വീട്ടുകാരാട് പറഞ്ഞു.അടുത്ത ദിവസം പത്തിരുപത്തഞ്ച് പേര്‍ സ്ഥലത്തെത്തി മൊബൈല്‍ ടവര്‍ ഓരോ ഭാഗങ്ങളായി രണ്ടു ദിവസം കൊണ്ട് അഴിച്ചു മാറ്റി ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോയി. 16 വര്‍ഷം മുമ്പ് 19 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ചതാണ് ഈ മൊബൈല്‍ ടവര്‍. സ്ഥലമുടമയ്ക്ക് വാടക എല്ലാ മാസവും നല്‍കിവരുന്നുണ്ട്. പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് എടുത്ത് സംഭവം വിശദമായി അന്വേഷിക്കാനാരംഭിച്ചു. എന്നാല്‍, കവര്‍ച്ചാ സംഘത്തെക്കുറിച്ച് അവര്‍ക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.