Monday, April 29, 2024
keralaNewspolitics

എം.വി. ഗോവിന്ദന്‍ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍.

സി.പി.എമ്മിന്റെ സൈദ്ധാന്ധിക മുഖം എം.വി. ഗോവിന്ദന്‍ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍. രണ്ട് പ്രമുഖ വകുപ്പുകളായ തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് ഗോവിന്ദന് ലഭിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്‍ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പിണറായി വിജയനൊപ്പം മന്ത്രിയായത്.

ലൈഫ് മിഷനടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്ന വലിയ ഉത്തരവാദിത്വമാണ് എം.വി ഗോവിന്ദന് മുന്നിലുള്ളത്. തൊഴിലില്ലായ്മ വേതനമടക്കമുള്ള കാര്യങ്ങളില്‍ വലിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എം.വി ഗോവിന്ദന്‍ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ പല ജില്ലകളിലും പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട എം.വി. ഗോവിന്ദന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഓരോ ജോലിയും പൂര്‍ണ ഉത്തരവാദിത്വത്തോടെ നിറവേറ്റിയാണ് ഇത്തവണ തളിപ്പറമ്പിലേക്ക് മത്സരിക്കാനെത്തുന്നതും ഒടുവില്‍ മന്ത്രിസഭയുടെ രണ്ടാമനാവുന്നതും. തളിപ്പറമ്പില്‍ നിന്ന് ഇത് മൂന്നാം തവണയാണ് എം.വി. ഗോവിന്ദന്‍ നിയമസഭയിലെത്തുന്നത്.