Wednesday, April 24, 2024
keralaNews

പാനൂരില്‍നിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി.

പാനൂരില്‍നിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരില്‍നിന്നാണു കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.ഇന്നലെ രാത്രിയോടെ തന്നെ ഇവര്‍ കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാല്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഇന്നു പുലര്‍ച്ചെ ആറോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ കോയമ്പത്തൂരില്‍നിന്ന് തലശേരിയില്‍ എത്തിക്കും.

തലശേരിയില്‍ ഇവര്‍ നടത്തിയിരുന്ന ഫര്‍ണീച്ചര്‍ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് പൊലീസിനു ലഭിച്ച പരാതി. നഗരസഭയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് അറിയിച്ചു.സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നല്‍കിയത്. പിഴയടയ്ക്കാത്തതിനെ തുടര്‍ന്നു സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി. ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഉണ്ടായതെന്നും ഞങ്ങള്‍ പോകുന്നെന്നും ഞങ്ങളെ ഇനി അന്വേഷിക്കണ്ടയെന്നും രാജ് കബീര്‍ കടയിലെ മാനേജര്‍ക്കു വാട്‌സാപ് സന്ദേശം നല്‍കിയതിനു പിന്നാലെയാണ് നാടുവിട്ടത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു പാനൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.