Thursday, May 9, 2024
keralaNewspolitics

ബംഗാളില്‍ മമതാ ബാനര്‍ജി കേവല ഭൂരിപക്ഷത്തില്‍

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷവും പിന്നിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം. വോടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ ഏകദേശം 200ഓളം സീറ്റില്‍ തൃണമൂല്‍ ലീഡ് നേടി കുതിക്കികയാണ്. 200 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ 90 സീറ്റില്‍ മാത്രമാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. ഇടതുപാര്‍ടികള്‍ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല. ബംഗാള്‍ ജനത മൂന്നാമതും മമതയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. 148 സീറ്റാണ് ബംഗാളില്‍ അധികാരം നേടാന്‍ വേണ്ട ഭൂരിപക്ഷം.

അതേസമയം അഭിമാന പോരാട്ടമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സുവേന്ദു അധികാരിയും മമതയും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബി ജെ പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു.ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 148 സീറ്റു നേടുന്ന പാര്‍ടി ബംഗാളില്‍ അധികാരം പിടിക്കും. വോടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.